യക്ഷിയും ഞാനും...*


ഒന്‍പതാം ക്ലാസ്സിലെ വര്‍ഷാവസാനപ്പരീക്ഷക്കാലം. ജഗതിക്കടുത്ത് ഒരു ചെറിയ അമ്പലത്തിലെ ഉത്സവം നടക്കുന്നു. ഒരുദിവസം രാത്രി നാടകം- "യക്ഷി". പണ്ട് നാട്ടിലെ ഉത്സവങ്ങളില്‍ നാടകങ്ങള്‍ക്ക് പോവാന്‍ വിരളമായിക്കിട്ടിയ അവസരങ്ങളുടെ ഓര്‍മയും അന്നത്തെ കടുത്ത മലയാറ്റൂര്‍ ആരാധനയും കാരണം ഇരിക്കപ്പൊറുതി കിട്ടാതായി. ഒടുവില്‍ എങ്ങനെയോ പോവാന്‍ സമ്മതം കിട്ടി. എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല, അപൂര്‍വമായി ഇങ്ങനെ ചില കാരുണ്യങ്ങള്‍ അമ്മയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ഒന്‍പതാം ക്ലാസ്സ്‌ തുടക്കത്തില്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍വച്ച് ഒരിക്കലൊരു ദ്വിദിന ചലച്ചിത്ര ആസ്വാദനശിബിരം ('ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍' ഒക്കെ കണ്ടു കോരിത്തരിച്ചത് അന്നാണ്), പിന്നീട് പ്രീഡിഗ്രിക്കാലത്ത് ചലച്ചിത്ര അക്കാദമി വളപ്പില്‍ ആഴ്ചതോറുമുള്ള വിദേശചിത്രപ്രദര്‍ശനങ്ങള്‍- മകന്‍ വഴിതെറ്റിപ്പോവുമോ എന്ന നിതാന്തഭയം ഭരിച്ച ഒരമ്മയ്ക്കുണ്ടായ ഈ അലിവുകള്‍ രേഖീയമായ എന്‍റെ പഠിപ്പിസ്റ്റ്‌ ജീവിതത്തില്‍ ഇടപെട്ട് തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

അച്ഛനോടൊപ്പം അര്‍ധരാത്രിയോടെ അമ്പലപ്പറമ്പിലെത്തി. അക്ഷരാര്‍ഥത്തില്‍ ജീവന്‍ കയ്യില്‍പ്പിടിച്ചിരുന്ന രണ്ടു മണിക്കൂറുകളായിരുന്നു പിന്നെ. പ്രൊഫഷണല്‍ നാടകത്തിലെ സാങ്കേതികവിദ്യകള്‍ സിനിമയുടേതിനെ കടത്തിവെട്ടുമെന്നുതോന്നി. അത്രയും ഭീതിദമായി, എന്നാല്‍ പ്രമേയത്തിന്റെ ഗൌരവം ചോരാതെ, പക്വതയോടെ മലയാറ്റൂരിന്റെ ഉജ്ജ്വലസൃഷ്ടി അരങ്ങിലെത്തി. ട്രൂപ്പ് എതെന്നൊന്നും ഓര്‍മയില്ല. മൊത്തത്തില്‍ ഞെട്ടിക്കുന്ന ഒരു സര്‍റിയല്‍  അനുഭവമായി ആ രാത്രി മനസ്സില്‍ കിടക്കുന്നതുകൊണ്ടാണോ ആവോ പിന്നീട് പുസ്തകമോ സിനിമയോ തേടിപ്പിടിക്കാന്‍ ശ്രമിച്ചുമില്ല. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ക്വിസ്സിന് ചോദ്യങ്ങളുണ്ടാക്കവേ യക്ഷിയെ വീണ്ടും പിടിച്ചു. 1967-ല്‍ പുറത്തിറങ്ങി '68-ല്‍ ചലച്ചിത്രമായ, '93-ല്‍ BBC World Service-ന്‍റെ "Off the Shelf" പരിപാടിയില്‍ വായിക്കപ്പെട്ട, സൈക്കഡെലിക് വിഭ്രാന്തി പ്രമേയമായ മലയാളനോവല്‍ ഏതെന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല എന്നോര്‍മ. 

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാര്യം? ശാലിനി ഉഷ നായരുടെ "അകം" എന്ന പുതിയ ചിത്രം യക്ഷിയെ ആസ്പദമാക്കിയാണത്രേ. പണ്ട് ഹേമാമാലിനി അയ്യരോട് ചോദിക്കാതെ യക്ഷിയെ 'മോഹിനി'യാക്കി 'മഗ്നാനിമിറ്റിയുടെ ലിമിറ്റ്' ക്രോസ്സ് ചെയ്തതാണ്. ഇത് അതുപോലെയല്ല. ആട്രിബ്യൂഷന്‍ ഒക്കെ കൃത്യമായി നടത്തിയിട്ടുണ്ട്. കേട്ടപ്പോള്‍ ആദ്യചിന്ത "അയ്യോ, ഇതെന്തേ ഇതുവരെ ആരും ചെയ്തില്ല?" എന്നാണ്. മുന്‍പ്‌ യക്ഷിചിത്രങ്ങളുടെ തരംഗം ഉണ്ടായപ്പോഴും, "രതിനിര്‍വേദം" പോലെ അനാവശ്യവും വികലവുമായ റീമേക്കുകള്‍ക്ക് പണം മുടക്കാന്‍ ആളുണ്ടാകുമ്പോഴും ഇത്രയധികം സാധ്യതകളുള്ള ഈ പ്രമേയം എന്തേ ആരും ഓര്‍ത്തില്ല? ശ്രദ്ധേയമായ കാര്യം ഇത് പഴയ സേതുമാധവന്‍ ചിത്രത്തെ അവലംബിച്ചല്ല, മറിച്ച് മൂലകൃതിയുടെ (കാലാനുസൃതമായ മാറ്റങ്ങളോടുകൂടിയ?) സ്വതന്ത്ര ചലച്ചിത്രാഖ്യാനമാണ് എന്നതാണ്. കുറച്ചു ദശകങ്ങളായി സാഹിത്യത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്ന മുഖ്യധാരാമലയാളസിനിമയില്‍ ഒരു ചെറിയ മാറ്റവും ഇത് കുറിക്കുന്നു ('69-നു ശേഷം ഇവിടെ സാഹിത്യം ഉണ്ടായിട്ടില്ലേ എന്ന ചോദ്യം പ്രസക്തമാണ്**). 

തരക്കേടില്ല എന്നതില്‍ക്കവിഞ്ഞ്‌ ഒരു ചലച്ചിത്രം എന്ന നിലയില്‍ അത്ര വലിയ പ്രതീക്ഷയൊന്നും ട്രെയിലര്‍ മുന്നോട്ട് വയ്ക്കുന്നതായി തോന്നിയില്ല. ശാലിനി ആള്‍ പുലിയാണെന്ന് പറയപ്പെടുന്നു, പക്ഷേ ഇതിലും വല്യ പുലികള്‍ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എലികളാവുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എനിക്കിതില്‍ ഏറ്റവും സന്തോഷം തരുന്ന ഭാഗം മലയാളസിനിമയില്‍ അപൂര്‍വമായി മാത്രം തെളിയുന്ന "Based on the novel" എന്ന ക്രെഡിറ്റാണ്. മൂലകൃതിയോടുള്ള ഇഷ്ടവും ചലച്ചിത്രകാരി സ്വാതന്ത്ര്യങ്ങള്‍ എടുക്കാന്‍ തയ്യാറായെന്നതും ആ സന്തോഷം കൂട്ടുന്നു. പെട്ടെന്ന് വീണ്ടും മനസ്സില്‍ വരുന്നത് പുതിയ "രതിനിര്‍വേദ"മാണ്. പഴയ സിനിമ വീണ്ടും ചവച്ചുതുപ്പുന്നതിന് പകരം പത്മരാജന്‍റെ നോവലിന് ഒരു ചലച്ചിത്രഭാഷ്യം കൊടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍... (സിനിമയേക്കാള്‍ എത്രയോ മെച്ചമാണാ നോവല്‍). ആര്‍ക്കു വേണം, അല്ലേ? ഇനിഷ്യല്‍ പുള്‍, സാറ്റലൈറ്റ് റൈറ്റ്സ്‌, ഭീമയുടെ അരഞ്ഞാണം- ഇത്രയൊക്കെ മതിയല്ലോ ബാലന്‍സ് ഷീറ്റ് നേരെയാക്കാന്‍. ഇതീക്കൂടുതല് കലയെ നമ്മളെന്തര് ഉദ്ധരിക്കാന്‍? അല്ലേ സുരേഷണ്ണാ?

(*- വിനയന്‍ എന്നോട് പൊറുക്കട്ടെ)
(**- പാലേരിമാണിക്യം മറക്കുന്നില്ല)

Comments

Unknown said…
മലയാറ്റൂരിനെ ഇഷ്ടമാണ്. യന്ത്രവും വേരുകളും വായിച്ചിട്ടുണ്ട്. യക്ഷി ഇതുവരെ വായിച്ചില്ല :(

എന്തായാലും വായിക്കാൻ ഇതൊരു നിമിത്തമായി എന്ന് പറയാം.

പിന്നെ സിനിമ കാണാൻ അവസരം ലഭിക്കുമോ ആവോ!! ലിജി പുല്ലാപ്പള്ളിയും അഞ്ജലി മേനോനും മറ്റും സിനിമ പിടിച്ചപോലെ ആയി പോകുമോ!!
Anonymous said…
ലിജി പുല്ലെപ്പള്ളിക്കെന്തു കുഴപ്പം ? സഞ്ചാരം എന്ന പടം എത്ര മനോഹരമാണ് ! അതില്‍ അഭിനയിച്ച പെണ്‍കുട്ടി അല്ലെ ഇപ്പൊ ഒരു അവതാരിക ആയി മഞ്ച് സ്റാര്‍ ആണോ ഒരു മേനോന്‍ ലെസ്ബിയന്‍ തീം ആയിരുന്നു ലിജി പുല്ലേ പള്ളി അമേരിക്ക്കയില്‍ ആണ് നല്ല മനോഹരമായ ഒരു പടം ആണ് സഞ്ചാരം

യക്ഷി എന്ന പേര് മലയാറൂര്‍ ഇട്ടതല്ല മുഖം എന്നായിരുന്നു മലയാറൂര്‍ ഇട്ട പേര് ! vayalaaR അത് ഒരു രാത്രി വായിക്കുകയും രാവിലെ അതിന്റെ ടൈറ്റില്‍ പേന കൊണ്ട്ട് വെട്ടി യക്ഷി ആക്കുകയുമാണ് ചെയ്തത് , ഇമ്പോട്ടന്റ്റ് ആയ ഒരു പ്രൊഫസര്‍ സുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിച്ച് തന്റെ അപകര്‍ഷതാ ബോധം കാരണം അവളെ ഒരു യക്ഷി ആയി കരുതി കൊള്ളുന്നു മാനസിക രോഗി ആണ് അയാള്‍ ഇതാണ് തീം അന്നത്തെക്കാള്‍ ഇപ്പോള്‍ രിലവന്റ്റ് ആണ് കാരണം മല യാളികള്‍ പലരും ഇങ്ങ്ങ്ങിനെ ഓരോ കോമ്പ്ലക്സ് കാരണം വിവാഹ ശേഷം പീഡിപ്പിക്കുന്നു
PV said…
സുശീല്‍, രാകേഷ്‌ പറഞ്ഞത് ആ സിനിമകള്‍ക്കൊന്നും തിയറ്ററില്‍ റിലീസ്‌ കിട്ടിയില്ലല്ലോ എന്നാണ്. "അക"ത്തിന് ആ ഗതി വരില്ല എന്ന് നമുക്ക് പ്രത്യാശിക്കാം. സുശീല്‍ പറഞ്ഞതുപോലെ വിഷയം വളരെ കാലികപ്രസക്തമാണ്.

കമന്റിന് നന്ദി :)
world of me said…
ഒരുവശത്ത് മകന്‍ യക്ഷിയുടെ പിറകെ പോയി വഴി തെറ്റിപ്പോകുമോ എന്ന അമ്മയുടെ അകാരണമായ ഭയം...മറുവശത്ത് മകന് യക്ഷിയോടു ഭയം കലര്‍ന്ന ആരാധന....രണ്ടിന്റെയും നടുവില്‍ വായനക്കാരിയായ എന്റെ ഭയം കലര്‍ന്ന ആകാംഷ...ഒടുവില്‍ ഒന്ന് എനിക്ക് മനസിലായി യക്ഷിയെ പേടിക്കേണ്ടതില്ല എന്ന്....യക്ഷി കലക്കി...ഒപ്പം കഥാകൃത്തും...അഭിനന്ദനങ്ങള്‍ .....

(ഇതില്‍ ഒന്ന് മാത്രം എനിക്ക് മനസിലായില്ല....."സാവിത്രിയുടെ അരഞ്ഞാണം" എന്നാ സിനിമ ഞാന്‍ ഏഷ്യാനെറ്റില്‍ വന്നപ്പോള്‍ കണ്ടിട്ടുണ്ട്...എന്നാല്‍ "ഭീമയുടെ അരഞ്ഞാണം "അതു മാത്രം കാണാന്‍ കഴിഞ്ഞില്ല.... ;)
Anonymous said…
സഞ്ചാരം റിലീസ് ചെയ്തിരുന്നു പക്ഷെ ആള്‍ കുറവായിരുന്നു കൈരളി ശ്രീയില്‍ ഈ പടം ഞാന്‍ കണ്ടിരുന്നു പക്ഷെ എന്റെ ഭാര്യ പോലും കാണാന്‍ കൂടെ വന്നില്ല ഇവിടത്തെ സദാചാരവാദികള്‍ വല്ലതും കണ്ടാലോ എന്ന് പേടിച്ച്

അജ്ഞലി മേനോന്റെ ഏതു പടം ആണ് ? കേരള കഫെയില്‍ അവരുടെ സിനിമ നല്ലതായിരുന്നു ശ്യാമപ്രസാദിന്റെ പട ത്തെക്കാള്‍ ബെറ്റര്‍

ഈ രണ്ടു പെന്നുങ്ങ്ങ്ങളും ഡോക്ടര്‍ ബിജു ടീ വീ ചന്ദ്രന്‍ തുടങ്ങ്ങ്ങിയ ഗീര്‍ വാണ ക്കാരെക്കാള്‍ ഫാര്‍ ഫാര്‍ ബെറ്റര്‍ ആണ് എന്റെ അഭിപ്രായത്തില്‍
i read enippadikal only recenlty. and watched prithviraj's vasthavam a bit early. it's an unaccounted lift! thanks prasanth, i shall read yakshi. malayattor always rocks. love his no-nonsense prose any day.
PV said…
@world of me: ഭീമയുടെ അരഞ്ഞാണം ദാ ഇവിടെ.

@Sushil: മലയാളികളുടെ "സദാചാര"ത്തെപ്പറ്റി no comments :)
സ്ത്രീസംവിധായകരെപ്പറ്റി പണ്ട് എഴുതിയത് ഇവിടെ.

@Paliyath: I remember you telling about finding Thakazhi late. Had heard about similarities between "Vaasthavam" and "Enippadikal", but never knew it's a clean rip off! Ya, Iyer is truly great...
African Mallu said…
യന്ത്രവും, വേരുകളും, യക്ഷിയും പ്രീ ഡിഗ്രി പഠിക്കുമ്പോള്‍ വായിച്ചിട്ടുണ്ട് .അന്ന് പക്ഷെ അതിനെ എല്ലാ തലത്തിലും മനസ്സിലായിരുന്നോ എന്ന് സംശയം .ഇപ്പൊ ഇത് വായിച്ചപ്പോള്‍ യക്ഷി ഒരിക്കല്‍ കൂടി വായിക്കാന്‍ തോന്നുന്നു .

Popular posts from this blog

അസ്തമയങ്ങളോട് ഒരു പരാതി

ബ്ലോഗുകളെക്കുറിച്ച് തന്നെ...