യക്ഷിയും ഞാനും...*


ഒന്‍പതാം ക്ലാസ്സിലെ വര്‍ഷാവസാനപ്പരീക്ഷക്കാലം. ജഗതിക്കടുത്ത് ഒരു ചെറിയ അമ്പലത്തിലെ ഉത്സവം നടക്കുന്നു. ഒരുദിവസം രാത്രി നാടകം- "യക്ഷി". പണ്ട് നാട്ടിലെ ഉത്സവങ്ങളില്‍ നാടകങ്ങള്‍ക്ക് പോവാന്‍ വിരളമായിക്കിട്ടിയ അവസരങ്ങളുടെ ഓര്‍മയും അന്നത്തെ കടുത്ത മലയാറ്റൂര്‍ ആരാധനയും കാരണം ഇരിക്കപ്പൊറുതി കിട്ടാതായി. ഒടുവില്‍ എങ്ങനെയോ പോവാന്‍ സമ്മതം കിട്ടി. എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല, അപൂര്‍വമായി ഇങ്ങനെ ചില കാരുണ്യങ്ങള്‍ അമ്മയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ഒന്‍പതാം ക്ലാസ്സ്‌ തുടക്കത്തില്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍വച്ച് ഒരിക്കലൊരു ദ്വിദിന ചലച്ചിത്ര ആസ്വാദനശിബിരം ('ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍' ഒക്കെ കണ്ടു കോരിത്തരിച്ചത് അന്നാണ്), പിന്നീട് പ്രീഡിഗ്രിക്കാലത്ത് ചലച്ചിത്ര അക്കാദമി വളപ്പില്‍ ആഴ്ചതോറുമുള്ള വിദേശചിത്രപ്രദര്‍ശനങ്ങള്‍- മകന്‍ വഴിതെറ്റിപ്പോവുമോ എന്ന നിതാന്തഭയം ഭരിച്ച ഒരമ്മയ്ക്കുണ്ടായ ഈ അലിവുകള്‍ രേഖീയമായ എന്‍റെ പഠിപ്പിസ്റ്റ്‌ ജീവിതത്തില്‍ ഇടപെട്ട് തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

അച്ഛനോടൊപ്പം അര്‍ധരാത്രിയോടെ അമ്പലപ്പറമ്പിലെത്തി. അക്ഷരാര്‍ഥത്തില്‍ ജീവന്‍ കയ്യില്‍പ്പിടിച്ചിരുന്ന രണ്ടു മണിക്കൂറുകളായിരുന്നു പിന്നെ. പ്രൊഫഷണല്‍ നാടകത്തിലെ സാങ്കേതികവിദ്യകള്‍ സിനിമയുടേതിനെ കടത്തിവെട്ടുമെന്നുതോന്നി. അത്രയും ഭീതിദമായി, എന്നാല്‍ പ്രമേയത്തിന്റെ ഗൌരവം ചോരാതെ, പക്വതയോടെ മലയാറ്റൂരിന്റെ ഉജ്ജ്വലസൃഷ്ടി അരങ്ങിലെത്തി. ട്രൂപ്പ് എതെന്നൊന്നും ഓര്‍മയില്ല. മൊത്തത്തില്‍ ഞെട്ടിക്കുന്ന ഒരു സര്‍റിയല്‍  അനുഭവമായി ആ രാത്രി മനസ്സില്‍ കിടക്കുന്നതുകൊണ്ടാണോ ആവോ പിന്നീട് പുസ്തകമോ സിനിമയോ തേടിപ്പിടിക്കാന്‍ ശ്രമിച്ചുമില്ല. പിന്നെയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ക്വിസ്സിന് ചോദ്യങ്ങളുണ്ടാക്കവേ യക്ഷിയെ വീണ്ടും പിടിച്ചു. 1967-ല്‍ പുറത്തിറങ്ങി '68-ല്‍ ചലച്ചിത്രമായ, '93-ല്‍ BBC World Service-ന്‍റെ "Off the Shelf" പരിപാടിയില്‍ വായിക്കപ്പെട്ട, സൈക്കഡെലിക് വിഭ്രാന്തി പ്രമേയമായ മലയാളനോവല്‍ ഏതെന്ന ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല എന്നോര്‍മ. 

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാര്യം? ശാലിനി ഉഷ നായരുടെ "അകം" എന്ന പുതിയ ചിത്രം യക്ഷിയെ ആസ്പദമാക്കിയാണത്രേ. പണ്ട് ഹേമാമാലിനി അയ്യരോട് ചോദിക്കാതെ യക്ഷിയെ 'മോഹിനി'യാക്കി 'മഗ്നാനിമിറ്റിയുടെ ലിമിറ്റ്' ക്രോസ്സ് ചെയ്തതാണ്. ഇത് അതുപോലെയല്ല. ആട്രിബ്യൂഷന്‍ ഒക്കെ കൃത്യമായി നടത്തിയിട്ടുണ്ട്. കേട്ടപ്പോള്‍ ആദ്യചിന്ത "അയ്യോ, ഇതെന്തേ ഇതുവരെ ആരും ചെയ്തില്ല?" എന്നാണ്. മുന്‍പ്‌ യക്ഷിചിത്രങ്ങളുടെ തരംഗം ഉണ്ടായപ്പോഴും, "രതിനിര്‍വേദം" പോലെ അനാവശ്യവും വികലവുമായ റീമേക്കുകള്‍ക്ക് പണം മുടക്കാന്‍ ആളുണ്ടാകുമ്പോഴും ഇത്രയധികം സാധ്യതകളുള്ള ഈ പ്രമേയം എന്തേ ആരും ഓര്‍ത്തില്ല? ശ്രദ്ധേയമായ കാര്യം ഇത് പഴയ സേതുമാധവന്‍ ചിത്രത്തെ അവലംബിച്ചല്ല, മറിച്ച് മൂലകൃതിയുടെ (കാലാനുസൃതമായ മാറ്റങ്ങളോടുകൂടിയ?) സ്വതന്ത്ര ചലച്ചിത്രാഖ്യാനമാണ് എന്നതാണ്. കുറച്ചു ദശകങ്ങളായി സാഹിത്യത്തിനു പുറംതിരിഞ്ഞു നില്‍ക്കുന്ന മുഖ്യധാരാമലയാളസിനിമയില്‍ ഒരു ചെറിയ മാറ്റവും ഇത് കുറിക്കുന്നു ('69-നു ശേഷം ഇവിടെ സാഹിത്യം ഉണ്ടായിട്ടില്ലേ എന്ന ചോദ്യം പ്രസക്തമാണ്**). 

തരക്കേടില്ല എന്നതില്‍ക്കവിഞ്ഞ്‌ ഒരു ചലച്ചിത്രം എന്ന നിലയില്‍ അത്ര വലിയ പ്രതീക്ഷയൊന്നും ട്രെയിലര്‍ മുന്നോട്ട് വയ്ക്കുന്നതായി തോന്നിയില്ല. ശാലിനി ആള്‍ പുലിയാണെന്ന് പറയപ്പെടുന്നു, പക്ഷേ ഇതിലും വല്യ പുലികള്‍ സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എലികളാവുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എനിക്കിതില്‍ ഏറ്റവും സന്തോഷം തരുന്ന ഭാഗം മലയാളസിനിമയില്‍ അപൂര്‍വമായി മാത്രം തെളിയുന്ന "Based on the novel" എന്ന ക്രെഡിറ്റാണ്. മൂലകൃതിയോടുള്ള ഇഷ്ടവും ചലച്ചിത്രകാരി സ്വാതന്ത്ര്യങ്ങള്‍ എടുക്കാന്‍ തയ്യാറായെന്നതും ആ സന്തോഷം കൂട്ടുന്നു. പെട്ടെന്ന് വീണ്ടും മനസ്സില്‍ വരുന്നത് പുതിയ "രതിനിര്‍വേദ"മാണ്. പഴയ സിനിമ വീണ്ടും ചവച്ചുതുപ്പുന്നതിന് പകരം പത്മരാജന്‍റെ നോവലിന് ഒരു ചലച്ചിത്രഭാഷ്യം കൊടുക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍... (സിനിമയേക്കാള്‍ എത്രയോ മെച്ചമാണാ നോവല്‍). ആര്‍ക്കു വേണം, അല്ലേ? ഇനിഷ്യല്‍ പുള്‍, സാറ്റലൈറ്റ് റൈറ്റ്സ്‌, ഭീമയുടെ അരഞ്ഞാണം- ഇത്രയൊക്കെ മതിയല്ലോ ബാലന്‍സ് ഷീറ്റ് നേരെയാക്കാന്‍. ഇതീക്കൂടുതല് കലയെ നമ്മളെന്തര് ഉദ്ധരിക്കാന്‍? അല്ലേ സുരേഷണ്ണാ?

(*- വിനയന്‍ എന്നോട് പൊറുക്കട്ടെ)
(**- പാലേരിമാണിക്യം മറക്കുന്നില്ല)
8 comments

Popular posts from this blog

വറ്റിപ്പോയ ജ്ഞാനസിന്ധു

അസ്തമയങ്ങളോട് ഒരു പരാതി