വറ്റിപ്പോയ ജ്ഞാനസിന്ധു


സുകുമാര്‍ അഴീക്കോടെന്നാല്‍ എനിക്ക് ഭാരതീയതയെപ്പറ്റി രണ്ടു പതിറ്റാണ്ട് മുന്‍പ് അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരയാണ്. അച്ഛന്‍റെ പഴയ പത്ര കട്ടിംഗുകളുടെ ശേഖരത്തില്‍നിന്ന് കിട്ടിയ മുത്തുകളിലൊന്ന്. പരമ്പരയുടെ ആദ്യദിവസം ആമുഖമായി താനേറ്റെടുത്ത ജോലിയുടെ കാഠിന്യത്തെപ്പറ്റി കാളിദാസനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, "എനിക്ക് കടക്കാനുള്ളത് കടലും, എന്‍റെ വാഹനം ഒരു ചെറുതോണിയുമാണ്‌" എന്ന്. പൊടിഞ്ഞുത്തുടങ്ങിയ ആ മഞ്ഞതാളുകളില്‍ ഞാന്‍ കണ്ട് വിസ്മയിച്ചതും അങ്ങനെയൊരു സാഗരമായിരുന്നു- അറിവിന്‍റെ സീമയില്ലാത്ത ആഴവും പരപ്പും. പാശ്ചാത്യമെന്നോ പൌരസ്ത്യമെന്നോ, ഗണിതമെന്നോ  സാഹിത്യമെന്നോ, പ്രാചീനമെന്നോ നവീനമെന്നോ ഭേദമില്ലാതെ ഒരഭ്യാസിയുടെ വഴക്കത്തോടെ അദ്ദേഹം വിഷയങ്ങളെടുത്ത്‌ അമ്മാനമാടി. പ്രകര്‍ഷേണ ബന്ധമില്ലാത്ത രണ്ടു ഒന്നുകളെ ചേര്‍ത്ത് ഇമ്മിണി ബല്യ ഒന്നാക്കുന്ന പ്രതിഭാവിലാസം- ഒരുപക്ഷേ ആദ്യമായി- കണ്ടു ഞാന്‍ അന്തംവിട്ടു.

"ഭാരതീയത" ഓരോ ദിവസവും കേട്ടെഴുതിയെടുത്ത്‌ പത്രത്തില്‍ കൊടുത്തിരുന്നത് താനായിരുന്നുവെന്ന് എഴുത്തുകാരനും  ആകാശവാണിയിലെ  മുന്‍ ഉദ്യോഗസ്ഥനുമായ എസ്.ഗോപാലകൃഷ്ണന്‍ ഈയിടെ പറഞ്ഞത് രണ്ടുപേരുടെയും ശൈലിയുടെ ആരാധകനായ എന്നെ ആവേശംകൊള്ളിച്ചു. ചുറ്റുമുള്ള അല്‍പവിഭവന്മാരെ തള്ളിയകറ്റാന്‍ ശേഷിയുള്ള മാഷിന്‍റെ ധിഷണയുടെ ശക്തിവലയത്തെപ്പറ്റി സ്വതസിദ്ധമായ രീതിയില്‍ ചേട്ടന്‍ അന്ന് വിവരിച്ചു. നിര്‍ഭാഗ്യവശാല്‍, കേരളത്തിന്‍റെ വര്‍ത്തമാനകാലത്തിന് കൂടുതല്‍ പരിചയം എന്തിലും ഏതിലും ഇടപെടുന്ന ഒരു വഴക്കാളിയെ ആയിരിക്കും. വ്യക്തിയുടെ സ്വകാര്യതയെ തൃണവല്‍ഗണിക്കുന്ന  മാധ്യമാഘോഷത്തില്‍  അശ്ലീലമായിമാറിയ ഒരു ഭഗ്നപ്രണയകഥയിലെ നായകനെയും. അതില്‍ മുഖ്യപങ്ക് വഹിച്ചത് നമ്മുടെ പ്രതിഭകളെയെല്ലാം ഒരു പ്രായം കഴിയുമ്പോള്‍ ഗ്രസിക്കുന്ന ജരാതുരത്വം (senility) തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദിച്ച നാവിന് ഒന്ന് കടിഞ്ഞാണിടാന്‍ പറ്റിയിരുന്നെങ്കില്‍ ആ ജീവിതസായാഹ്നം ഒരുപാടധികം പ്രസന്നവും ആദരണീയവുമായേനെ.

സത്യജിത്‌ റേയുടെ നിര്യാണത്തിനു പിറ്റേന്നത്തെ ഒരു പത്രപ്പരസ്യം ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നു- ഒഴിഞ്ഞു കിടക്കുന്ന സംവിധായകന്‍റെ കസേര. അഴീക്കോട് മാഷ്‌ പ്രസംഗം നിര്‍ത്തി ഇറങ്ങിപ്പോയ വേദിയും ശൂന്യമായിത്തന്നെ കിടക്കും. കാരണം ഇന്ന് വറ്റിപ്പോയത് ജ്ഞാനത്തിന്‍റെ അഗാധസിന്ധുവാണ്. ബാക്കിയായവരുടെ കൊച്ചറിവുകളുടെ എത്ര നീര്‍ച്ചാലുകള്‍ ചേര്‍ന്നാലും അതെങ്ങനെ നിറയാന്‍!

Image courtesy: Kannan Shanmugam, Shanmugam Studio, Kollam (from Wikipedia)
3 comments

Popular posts from this blog

യക്ഷിയും ഞാനും...*

അസ്തമയങ്ങളോട് ഒരു പരാതി