Posts

Showing posts from January, 2012

വറ്റിപ്പോയ ജ്ഞാനസിന്ധു

Image
സുകുമാര്‍ അഴീക്കോടെന്നാല്‍ എനിക്ക് ഭാരതീയതയെപ്പറ്റി രണ്ടു പതിറ്റാണ്ട് മുന്‍പ് അദ്ദേഹം നടത്തിയ പ്രഭാഷണ പരമ്പരയാണ്. അച്ഛന്‍റെ പഴയ പത്ര കട്ടിംഗുകളുടെ ശേഖരത്തില്‍നിന്ന് കിട്ടിയ മുത്തുകളിലൊന്ന്. പരമ്പരയുടെ ആദ്യദിവസം ആമുഖമായി താനേറ്റെടുത്ത ജോലിയുടെ കാഠിന്യത്തെപ്പറ്റി കാളിദാസനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു, "എനിക്ക് കടക്കാനുള്ളത് കടലും, എന്‍റെ വാഹനം ഒരു ചെറുതോണിയുമാണ്‌" എന്ന്. പൊടിഞ്ഞുത്തുടങ്ങിയ ആ മഞ്ഞതാളുകളില്‍ ഞാന്‍ കണ്ട് വിസ്മയിച്ചതും അങ്ങനെയൊരു സാഗരമായിരുന്നു- അറിവിന്‍റെ സീമയില്ലാത്ത ആഴവും പരപ്പും. പാശ്ചാത്യമെന്നോ പൌരസ്ത്യമെന്നോ, ഗണിതമെന്നോ  സാഹിത്യമെന്നോ, പ്രാചീനമെന്നോ നവീനമെന്നോ ഭേദമില്ലാതെ ഒരഭ്യാസിയുടെ വഴക്കത്തോടെ അദ്ദേഹം വിഷയങ്ങളെടുത്ത്‌ അമ്മാനമാടി. പ്രകര്‍ഷേണ ബന്ധമില്ലാത്ത രണ്ടു ഒന്നുകളെ ചേര്‍ത്ത് ഇമ്മിണി ബല്യ ഒന്നാക്കുന്ന പ്രതിഭാവിലാസം- ഒരുപക്ഷേ ആദ്യമായി- കണ്ടു ഞാന്‍ അന്തംവിട്ടു. "ഭാരതീയത" ഓരോ ദിവസവും കേട്ടെഴുതിയെടുത്ത്‌ പത്രത്തില്‍ കൊടുത്തിരുന്നത് താനായിരുന്നുവെന്ന് എഴുത്തുകാരനും  ആകാശവാണിയിലെ  മുന്‍ ഉദ്യോഗസ്ഥനുമായ എസ്.ഗോപാലകൃഷ്ണന്‍ ഈയിടെ പറഞ്ഞത