അസ്തമയങ്ങളോട് ഒരു പരാതി
എണ്‍പതുകളുടെ ആദ്യകാലത്തിന്റെ ക്യാമ്പസ് നായകന് എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി കടന്നുപോയ എന്റെ ബാല്യകൌമാരങ്ങളിലെ സാന്നിധ്യമാകുന്നതിനു കാരണം അമ്മയായിരുന്നു. വേണു നാഗവള്ളി എന്ന പോലെ ബാലചന്ദ്രമേനോനിലേക്കുമുള്ള എന്റെ പാലം അമ്മ തന്നെ. എനിക്ക് തോന്നുന്നത് അമ്മ കുറച്ചെങ്കിലും സിനിമാഭ്രാന്ത് പുറമേ കാണിച്ചിട്ടുണ്ടെങ്കില്‍, അത് ഇവരെ രണ്ടു പേരെയും പറ്റിയാണ്. ദൂരദര്‍ശനില്‍ "ഉള്‍ക്കടല്‍" വന്നപ്പോള്‍ കുട്ടിയായിരുന്ന എന്നെ ബഹളം വയ്ക്കാതിരിക്കാന്‍ മുറിയില്‍ അടച്ചിട്ട് അതിലെ പാട്ടുകള്‍ അച്ഛനും അമ്മയും ടേപ്പ് റിക്കോര്‍ഡറില്‍ പകര്‍ത്തുന്നത് അത്ര മങ്ങാത്ത ഓര്‍മയായി മനസ്സിലുണ്ട്.
വലുതായി സിനിമ ഒറ്റയ്ക്ക് അടുത്തറിയാനും പഠിക്കാനും തുടങ്ങിയപ്പോള്‍ വേണു എന്ന എഴുത്തുകാരനോടും സംവിധായകനോടും ആരാധനയായി. ഒട്ടു മിക്ക സിനിമകളും ഒരേ അച്ചില്‍ വാര്ക്കപ്പെടുന്ന മലയാളത്തില്‍ അദ്ദേഹം പുതിയ genre-കള്‍ കാട്ടിത്തന്നു. ജനപ്രിയ ചേരുവകള്‍ സമൃദ്ധമായി വിതറുമ്പോഴും മദ്ധ്യവര്‍ത്തി സൌന്ദര്യബോധത്തിന്റെയും മദ്ധ്യവര്‍ഗ മൂല്യബോധത്തിന്റെയും രുചിയായിരുന്നു അവയ്ക്ക്. (ഇത് കൂടുതല്‍ വ്യക്തമാവാന്‍ ഇതിനു നേരെ എതിരെ നടക്കുന്ന പ്രിയദര്‍ശന്റെ ഹിന്ദിയിലെ ഗ്രാഫ് പരിശോധിച്ചാല്‍ മതി) സൂപ്പര്‍താരങ്ങളുടെ യഥാര്‍ഥ പ്രസക്തി എന്താണെന്ന് വേണുവിന്റെ ചിത്രങ്ങളില്‍ കാണാം. കണ്ടു പരിചയിക്കാത്ത ഗണത്തിലുള്ള ചലച്ചിത്രം ഒരുപാട് പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള വ്യാപാരഗണിതത്തിന്റെ സമസ്യ പൂരിപ്പിക്കാനാണ് സൂപ്പര്‍സ്റ്റാര്‍ തന്റെ പ്രഭാവം ഉപയോഗിക്കേണ്ടത്. കഥയുടെ പാതിയില്‍ മരിക്കുന്ന, സ്ഥിരമായി പരാജയമേറ്റു വാങ്ങുന്ന, അടി കൊള്ളുന്ന, നര കയറിയ വേണുവിന്റെ ലാല്‍ നായകന്മാര് അതാണ് ചെയ്തത്.
എത്രയെത്ര ഡയലോഗുകളാണ്! കിലുക്കത്തിലെയും കളിപ്പാട്ടത്തിലെയും എത്രയോ തവണ കണ്ടു മനപ്പാഠമായ തമാശകള്‍ പോട്ടെ. പരാജയത്തിന്റെയും വിഷാദത്തിന്റെയും എത്ര തീരങ്ങളില്‍ നിന്ന് "അസ്തമയങ്ങളേ, നിങ്ങളോടെനിക്ക് പരാതിയില്ല. നാളത്തെ ഉദയമാണെന്റെ ലക്ഷ്യം, അതിലേക്കാണെന്റെ യാത്ര" എന്ന് ഉറക്കെപ്പറഞ്ഞു ഞാന്‍ മുക്തി നേടിയിരിക്കുന്നു. അന്യന്റെ ഉള്ളു കാണാന്‍ കഴിയാതെ കുഴയുമ്പോള്‍, "എനിക്ക് എഴുതാനേ അറിയൂ, എഴുതാപ്പുറം വായിക്കാനറിയില്ല" എന്ന് സ്വയം ആശ്വസിച്ചു. "ബീഡിയുണ്ടോ ഒരു തീപ്പെട്ടി എടുക്കാന്‍?" എന്ന് സഖാവിനോട് ചോദിച്ചത് രണ്ടും വേണ്ടിയിട്ടല്ലായിരുന്നു, തിരിച്ചു വരാത്ത സിനിമയുടെ വസന്തകാലത്തെ വീണ്ടുമൊന്നു ഓര്‍ക്കാനായിരുന്നു.
സ്കൂളില്‍ പഠിക്കുമ്പോള്‍ കണ്ട ഒരു സ്വപ്നം- ഒരു സിനിമയുടെ തുടക്കം. മലയാളസിനിമയുടേതിലും വല്യ ക്യാന്‍വാസ്, സ്പെഷ്യല്‍ ഇഫക്റ്റ്സ്. ഒരുപാട് ബഹളത്തിനൊടുവില്‍ സൌണ്ട്ട്രാക്ക് ശാന്തമാവുമ്പോള്‍ കേള്‍ക്കുന്നു വേണു നാഗവള്ളിയുടെ voice over! അതിനുശേഷം വേണു നറേറ്റ് ചെയ്യുന്ന ഒരു കഥ എന്നത് കുറേക്കാലം ഒരു ആഗ്രഹമായി കൊണ്ട് നടന്നു. ഇന്നത് വെറും സ്വപ്നം മാത്രമായി മാറിയിരിക്കുന്നു. പൂണെയിലായിരിക്കുമ്പോഴാണ്, YouTube-ല്‍ മൂന്നുനാലു മാസങ്ങളുടെ ഇടവേളയില്‍ വന്ന രണ്ടു അഭിമുഖങ്ങളിലെ അമ്പരപ്പിക്കുന്ന മാറ്റം കണ്ടു മനസ്സ് വിങ്ങിയത്. പിന്നെയും കുറെ നാള് കഴിഞ്ഞ്, മലയാളസിനിമ കാലന്റെ കുരുക്കിന്റെ അറ്റത്തായിരുന്ന നാളുകളിലൊന്നില്‍ ഉത്കണ്ഠയോടെ മനോരമ ന്യൂസിലെ ചേട്ടനെ വിളിച്ചു, "വേണു നാഗവള്ളിക്ക് എങ്ങനെ?" അസുഖം മാറി ആരോഗ്യത്തിലേക്ക് തിരിച്ചുവരുന്നുവെന്ന് കേട്ട് ആശ്വസിച്ചു. വരാനിരിക്കുന്ന നല്ല സിനിമകള്‍ക്കായി ഞങ്ങളിരുവരും അന്ന് പ്രാര്‍ഥിച്ചു. മാമ്പൂവും മക്കളും എന്ന പോലെ മുതിര്‍ന്ന തലമുറയെയും കണ്ടു മോഹിക്കരുതെന്നാവും പുതുമൊഴി. രണ്ടു മാസം മുന്‍പ് കൈരളിയിലെ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു,"എഴുത്തുകാരന് എന്ന നിലയില്‍ എനിക്ക് ഇപ്പോഴും നല്ല ആത്മവിശ്വാസമുണ്ട്." ഒരുപാടു കഥകള്‍ ഇനിയും പറയാനുണ്ടെന്നും ആരെങ്കിലും വന്നു അത് ചെയ്യിച്ചിരുന്നെങ്കില്‍ എന്നും പറഞ്ഞതു കേട്ട് കൊതിച്ചു, അടുത്ത് ചെന്നിരുന്ന് സംസാരിക്കാന്‍, കഥകള്‍ കേള്‍ക്കാന്‍... അതെ, വെറുതേ എന്ന് അറിഞ്ഞു കൊണ്ട് വെറുതേ മോഹിച്ചൊരു മോഹം.
വെറുമൊരു സംവിധായകനും തിരകഥാകൃത്തും മാത്രമായിരുന്നോ എനിക്ക് വേണു നാഗവള്ളി? ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊറുക്കാത്ത മുറിവിന്റെ നൊമ്പരമായി എന്നെക്കൊണ്ട് ഇതെഴുതിക്കുന്നത് മരിച്ച വേണു മാത്രമായിരിക്കില്ല. എന്നിലെ കാല്പനികന് ദൂരെ നിന്നും കണ്ടു കൊതിച്ച ഒന്നായിരുന്നു ആ ജീവിതം- വന്മരങ്ങളുടെ തണലില്‍ സംസ്കാരത്തിന്റെ വളക്കൂറുള്ള മണ്ണിലെ ബാല്യകൌമാരങ്ങള്‍, പ്രതിഭാസമ്പന്നമായ സുഹൃദ്വലയത്തിനു നടുവിലെ യൌവനം, സിനിമയുടെ വെള്ളിവെളിച്ചം, അതിലെ ജയപരാജയങ്ങള്‍- അങ്ങനെയങ്ങനെ. എനിക്ക് തോന്നുന്നത് ഓരോ കലാകാരനിലും ഒരു വേണു ഉണ്ടെന്നാണ്- സ്വതേ സൌമ്യനായ, എന്നാല്‍ നിമിഷാര്‍ദ്ധത്തില്‍ കോപക്കൊടുമുടി കയറുന്ന, മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന, കള്ളം പറയാന്‍ നാവു വളയാത്ത, ദൌര്‍ബല്യങ്ങളെപ്പോലും തള്ളിപ്പറയാനാവാത്ത, ഒരു സ്വപ്നത്തില്‍ നിന്ന് അടുത്തതിലേക്ക് സദാ പറക്കുന്ന ഒരു "സെന്റിമെന്റല്‍ ഇഡിയറ്റ്". ആ വേണു നാഗവള്ളി ഒരിക്കലും മരിക്കാതെയിരിക്കട്ടെ എന്നാശിച്ചുപോവുന്നു.
തിരുവനന്തപുരത്ത് കിലോമീറ്ററുകള്‍ വ്യത്യാസത്തില്‍ വര്‍ഷങ്ങള്‍ താമസിച്ചിട്ടും ഒരിക്കല്‍ പോലും ഒന്ന് ചെന്ന് കണ്ടില്ലല്ലോ എന്ന് കഴിഞ്ഞ ദിവസം സങ്കടം പറഞ്ഞപ്പോള്‍ അമ്മാവന് പറഞ്ഞു, "അത് നിന്റെ തെറ്റ്." അതെ, Mea Culpa. കുറ്റബോധത്തില്‍ നീറുമ്പോള്‍ വിലയില്ലാത്ത ഈ കണ്ണീര് മാത്രം എന്റെ പ്രായശ്ചിത്തം. വനമലരുകള്‍ വെയില് കായുന്ന വഴിയോരവും, അതിരുകാക്കുന്ന തുടുത്ത കിഴക്കന്‍ മലയും, കാകളിച്ചിന്ത് പാടുന്ന നാട്ടുപച്ചക്കിളിപ്പെണ്ണും, നമ്മള് വിതച്ചു കൊയ്യുന്ന വയലുകളുമെല്ലാം പുഴയില്‍ മുങ്ങിത്താണ സന്ധ്യ പോലെ മറഞ്ഞ അവരുടെ സ്രഷ്ടാവിനെ ഓര്‍ത്തു വിലയുള്ള കണ്ണീര് വാര്‍ക്കുന്നുണ്ടാവും. ഒപ്പം, കൊതിച്ചത് മുഴുവന്‍ കിട്ടാത്ത അത്താഴപഷ്ണിക്കാരായി ഒരുപാട് പ്രേക്ഷകരും.
പ്രിയ കലാകാരാ, കഥകള്‍ കേള്‍ക്കാന്‍ താങ്കളുടെ അടുത്തേയ്ക്ക് ഞാന്‍ വരും- ഇതുവരെ കാണാത്ത കരയിലേക്ക്, ഇനിയൊരു ജന്മത്തിന് കടവിലേക്ക്...
Comments
പുതിയ തലമുറകള്‍ക്ക് കുറെ നല്ല സംവിധായകരെയും നല്ല സിനിമകളെയും കുറിച്ചുള്ള അറിവുകള്‍ നഷ്ടമാകുബോള്‍
ഇത്തരത്തില്‍ കാലയവനികക്കുള്ളില്‍ പൊലിഞ്ഞു പോയ ചില നല്ല സംവിധായകരെയും അവര്‍ നിര്‍മിച്ച മനോഹരമായ സൃഷ്ടികളും വീണ്ടും ഒരിക്കല്‍ കൂടി ഒരിക്കലും മായാത്ത ചിത്രം പോലെ മനസിന്റെ അടിത്തട്ടില്‍ പതിയത്തക്ക രീതിയില്‍ ഇത്ര ലളിതമായി ഇത്ര മനോഹരമായി മലയാളത്തിലേക്ക് ആവിഷ്ക്കരിച്ച പ്രശാന്ത് വിജയിനു എല്ലാ വിധ ആശംസകളും നേരുന്നു....!!!! ലക്ഷ്മി കുറിശ്ശേരി
കഥകള്‍ പറയാനും ചെയ്യാനും താല്പര്യം ഉള്ളവര്‍ നമ്മുടെ ഇടയില്‍ നിന്നും യാത്ര പറഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. നഷ്ട സ്വര്‍ഗങ്ങള്‍ തിരിച്ചു വരികയില്ല തന്നെ.
നല്ല ഓര്‍മ്മക്കുറിപ്പ്. അഭിനന്ദനങ്ങള്‍. ആംഗലത്തിലും മലയാളത്തിലും ഉള്ള കൈ വഴക്കം നല്ലോണം നന്നാകുന്നുണ്ട്. ബ്ലോഗ്ഗില്‍ നീയൊരു ഫ്രാന്‍സിസ് ഇട്ടിക്കോര ആകുമോടെയ്? ;)
എന്നെ ഏറ്റവും സ്പര്‍ശിച്ച അനുസ്മരണം മനോരമയുടെ മിനിസൈറ്റില് കെ. രേഖയുടെ podcast ആണ്.
@world of me @Sandeep: ഇത്രയും formal ആവണമായിരുന്നോ? എന്റെ പേര് പോലും...!! :)
@I'm: (Off topic) Ur profile pic wudda been lot better if Rule of 3rd was followed.
@പയ്യന് / Payyan: വിഷാദ രൂപമൊക്കെ പാണന് പാടി നടന്നു ഉണ്ടാക്കിയതല്ലേ... പിന്നെ അത് അംഗീകൃത ചരിത്രമായി. ഇത് ഓര്‍മ്മയുണ്ടോ?
എഴുത്ത് മെച്ചപ്പെടുന്നു എന്ന് പറഞ്ഞു കേട്ടതില്‍ സന്തോഷം. എല്ലാ പുകഴും കോരപ്പാപ്പനുക്കേ!
നന്നായിട്ടുണ്ട് പീവീ..ഒരുപാട് മുൻപ് വായിക്കേണ്ടിരിന്നു...പക്ഷെ ഇന്നാണൊത്തത്