കമ്പനി (2002)- (കാലഹരണപ്പെട്ട) ഒരു ചലച്ചിത്രനിരൂപണം


 "സത്യ"യ്ക്കു ശേഷം രാം ഗോപാല്‍ വര്‍മ്മയില്‍ നിന്ന് വീണ്ടുമൊരു അധോലോക കഥ. "കമ്പനി"ക്ക് "സത്യ"യുമായുള്ള പ്രധാന വ്യത്യാസം അത് അവതരിപ്പിക്കപ്പെടുന്ന ക്യാന്‍വാസിന്‍റെ വലിപ്പമാണ്. ഒരു നഗരത്തിലെ ഇരുണ്ട ലോകത്തില്‍ എത്തിപ്പെടുന്ന ചെറുപ്പക്കാരന്‍റെ ജീവിതകഥയാണ് "സത്യ"യെങ്കില്‍ കമ്പനിയിലെ കഥാപാത്രങ്ങളില്‍ പലരും ജീവിക്കുന്ന വ്യക്തികളെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ ഇവിടെയും വ്യക്തിസംഘര്‍ഷങ്ങള്‍ തന്നെയാണ് സംവിധായകന്‍റെ ഭൂമിക. അങ്ങനെ "കമ്പനി"യും തികച്ചും വ്യക്തിപരമായ ഒരു അനുഭവമാകുന്നു.

അധോലോകനായകന്‍ മാലിക്കിനോട് ജോലി ചോദിച്ചെത്തുന്ന ചന്തുവില്‍ കഥ തുടങ്ങുന്നു. വൈകാതെ തന്നെ ചന്തു മാലിക്കിന്‍റെ വിശ്വസ്തനാകുന്നു. നഗരത്തില്‍ ഇവര്‍ നേതൃത്വം നല്‍കുന്ന അധോലോകസംഘം താണ്ഡവമാടുന്നു. പോലീസ് ജോയിന്‍റ് കമ്മീഷണറായെത്തുന്ന ശ്രീനിവാസന്‍ ഇവര്‍ക്കായി വല വീശുന്നു. അതില്‍ വീഴാതെ സംഘം ഹോങ്ങ്കോങ്ങിലേക്ക് കടക്കുകയും അവിടെ പുതിയ സാമ്രാജ്യം- "കമ്പനി"- സ്ഥാപിക്കുകയും ചെയ്യുന്നു. പിന്നീട് ചന്തുവും മാലിക്കുമായി പിരിയുന്നു. അവര്‍ തമ്മിലുള്ള യുദ്ധം നഗരത്തില്‍ അക്രമങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കുന്നു. ഒടുവില്‍ ചന്തുവിന് മാനസാന്തരം വരുകയും ശ്രീനിവാസന്‍റെ ഒപ്പം ചേരുകയും ചെയ്യുന്നു.

മാലിക്ക് ദാവൂദിന്‍റെയും ചന്തു ഛോട്ടാ രാജന്‍റെയും പകര്‍പ്പുകളാണത്രേ. ശ്രീനിവാസന് അതേ പദവി വഹിച്ച ശിവാനന്ദനോടും സാമ്യം. ചില യഥാര്‍ഥ സംഭവങ്ങള്‍ മാത്രം സ്വീകരിച്ച് വിവാദങ്ങളുണ്ടാക്കാതെ ഒരു കല്‍പിത കഥ പറയുകയാണിവിടെ. ചിത്രത്തിന്‍റെ രണ്ടാം പകുതി മിക്കവാറും സംവിധായകന്‍റെ ശുഭാപ്‌തിവിശ്വാസത്തോടെയുള്ള സ്വപ്നമാണ്.

പ്രകടമായും ഒരു ഡോക്യുമെന്‍ററിയുടെ ആഖ്യാനശൈലിയാണ് ചിത്രത്തിന്. വിവരണവും ന്യൂസ് ക്ലിപ്പിങ്ങുകളുമെല്ലാം ഉപയോഗിച്ചിരിക്കുന്നു. ഈ ചട്ടക്കൂടില്‍ നിന്നുകൊണ്ട് തന്നെ പകയ്ക്കും സ്നേഹത്തിനും ചിരിക്കും കണ്ണീരിനുമൊക്കെ ഇടം കണ്ടെത്തിയിരിക്കുന്നു രചയിതാവായ ജയ്ദീപ് സാഹ്നി. "സത്യ"യോളം ഏകാഗ്രതയില്ലെങ്കിലും രണ്ടാം പകുതിയില്‍ വേഗം പറഞ്ഞു തീര്‍ക്കാന്‍ ശ്രമിച്ചതായി തോന്നുന്നുണ്ടെങ്കിലും ചിത്രത്തിന്‍റെ ശക്തമായ അടിത്തറയാകുന്നു തിരക്കഥയും, ശക്തിയും സൗന്ദര്യവുമുള്ള സംഭാഷണങ്ങളും.

അഭിനേതാക്കളെല്ലാവരും കഥാപാത്രങ്ങളായി മാറുന്ന മനോഹാരിത ചിത്രത്തില്‍ കാണാം. അജയ്‌ ദേവ്ഗന്‍ മാലിക്കിനെ അനശ്വരനാക്കിയിരിക്കുന്നു. ചുരുക്കം ചില വാക്കുകളില്‍, ചിന്തയില്‍ മുഴുകിയ നോട്ടങ്ങളില്‍ അദ്ദേഹം ചുറ്റുപാടുകള്‍ നിയന്ത്രണത്തിലാക്കുന്നു. ചിത്രത്തിന്‍റെ മറ്റൊരു സവിശേഷത പിറകില്‍ നിന്നുകൊണ്ടും സജീവസാന്നിധ്യമാകുന്ന ശക്തരായ സ്ത്രീകഥാപാത്രങ്ങളാണ്. മനീഷയും അന്തരയും സീമാ ബിശ്വാസും കയ്യടക്കത്തോടെ അവതരിപ്പിച്ചപ്പോള്‍ കഥാഗതി നീക്കുന്നതില്‍ അവര്‍ക്കുള്ള പങ്ക് തെളിവുറ്റതായി. 

നായകസ്ഥാനത്തോളമെത്തുന്ന ശ്രീനിവാസന്‍ മോഹന്‍ലാല്‍ എന്ന പ്രതിഭയുടെ കയ്യില്‍ ഭദ്രമാണെങ്കിലും- സംവിധായകന്‍റെ നോട്ടപ്പിശകുകള്‍ മൂലമായിരിക്കാം- ചില നീണ്ട ഡയലോഗുകളില്‍ അദ്ദേഹം 'കുത്തും കോമയും' മറന്നു പോകുന്നു എന്നത് കല്ലുകടിയായി. ഒരു കാര്യം ഉറപ്പിച്ചു പറയാം- മോഹന്‍ലാലിന്‍റെ ബോളിവുഡ് പ്രവേശനത്തിന് ഏറ്റവും അനുയോജ്യമായ വേഷമായിരുന്നു ഇത്. കാസ്റ്റിങ്ങിലെ സൂഷ്മതയും ശരീരഭാഷയുടെ ഉപയോഗവും ഏറ്റവും മികച്ചത് ചോര്‍ത്തിയെടുക്കാനുള്ള സംവിധാനമികവും അപ്രധാനവേഷക്കാരില്‍പ്പോലും ദൃശ്യമാണ്. എന്നാല്‍ വര്‍മ്മയ്ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടത് വിവേക്‌ ഒബ്രോയ്-യിലാണ്. ഉഴപ്പിയ മുടിക്കും ക്ഷൌരം ചെയ്യാത്ത മുഖത്തിനും മറയ്ക്കാനാവാത്ത, നിഷ്കളങ്കത നിറഞ്ഞ ആ കണ്ണുകള്‍ കണ്ടാണോ 'ചന്തു' എന്ന കഥാപാത്രം സൃഷ്ടിച്ചത് എന്നുവരെ തോന്നിപ്പോകുന്നു.

എന്ത് വൈകൃതവും നിറം പിടിപ്പിച്ചും ഭംഗി വരുത്തിയും കാട്ടുക എന്ന ഹിന്ദിസിനിമാനിയമങ്ങളെ പാടെ തള്ളിക്കളയുന്നു കമ്പനി. ഇരുട്ടും ഭീതിയും നിറഞ്ഞ ഒരു വിഷയം അതേ രീതിയില്‍ പറഞ്ഞെന്നതാണ് സംവിധായകന്‍റെ വിജയം. മിതത്വമുള്ള മേക്കപ്പിനും സ്വാഭാവികമായ ലൈറ്റിങ്ങിനും എന്തെല്ലാം സാധ്യതകളുണ്ടെന്ന് ഛായാഗ്രാഹകന്‍ ഹേമന്ത്‌ ത്രിവേദി കാട്ടിത്തരുന്നു. ചടുലമായ ചിത്രസംയോജനവും കൃത്യതയാര്‍ന്ന ശബ്ദലേഖനവും ഏതു വരണ്ടുണങ്ങിയ ചുറ്റുപാടുകളില്‍ നിന്നും കലാഭംഗിയുള്ള ഒരു സൃഷ്ടി നടത്താമെന്നു തെളിയിക്കുന്നു.

സ്ഥിരം ആരാധകരെ കഥയോടിഴുകിച്ചേര്‍ന്ന ഒരു "ഖല്ലാസ്സി"ലൂടെ തൃപ്തിപ്പെടുതിയിട്ട് സന്ദീപ്‌ ചൌത്ത പശ്ചാത്തലസംഗീതത്തിന് തനതായ ഒരു പാറ്റേണ്‍ സൃഷ്ടിക്കുന്നു. ദീര്‍ഘമായ നിശബ്ദത വരുന്ന രംഗങ്ങളില്‍ ക്രമരഹിതവും നിരന്തരവുമായ ചില ശബ്ദങ്ങള്‍ വഴി പുതിയ അര്‍ത്ഥങ്ങള്‍ നല്‍കിയിരിക്കുന്നു. മണിരത്നം- റഹ്മാന്‍ പോലെ ശക്തമായൊരു കൂട്ടുകെട്ടായി വര്‍മ്മ- ചൌത്ത മാറിയിരിക്കുന്നു.

ആത്യന്തികമായി കമ്പനി സംവിധായകന്‍റെ ചിത്രം തന്നെയാണ്‌. സിനിമാലോകം ഉപരിപ്ലവമായി മാത്രം കാണുന്ന ഒരു വിഷയത്തെ ഇത്രയും സെന്‍സിറ്റീവായി സമീപിച്ചതു തന്നെ രാം ഗോപാല്‍ വര്‍മ്മയിലെ ചലച്ചിത്രകാരനെ കാട്ടിത്തരുന്നു. ഹിന്ദിസിനിമയില്‍ ആദ്യമായിരിക്കും ഇത്തരമൊരു ശൈലി. സിനിമയിലൂടെ മുന്നോട്ടുപോകുമ്പോള്‍ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങള്‍ നമുക്ക് തൊട്ടറിയാന്‍ കഴിയുന്നു. കൊലപാതകങ്ങള്‍ അവ സംഭവിക്കുന്ന അതേ നിസ്സംഗതയോടെ പകര്‍ത്തപ്പെടുമ്പോള്‍ പ്രേക്ഷകനെ പൊള്ളിക്കുന്നു. ഗാനപ്രേമികള്‍ക്ക് പശ്ചാത്തലസംഗീതവും താരാരാധനക്കാര്‍ക്ക് ഓര്‍ക്കാന്‍ ഏതാനും ദൃശ്യങ്ങളും മാത്രം നല്‍കി രണ്ടര മണിക്കൂറിലധികം നീണ്ട ഒരു ചിത്രമെടുക്കാനായത് സംവിധായകന് സ്വന്തം പ്രതിഭയിലുള്ള വിശ്വാസം കൊണ്ടാണ്. അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സാങ്കേതികവിഭാഗം കൊണ്ട് തനിക്കാവശ്യമുള്ള തികവു നേടി അദ്ദേഹം സംവിധാനത്തിന്‍റെ അനുകരണീയ മാതൃകയാവുന്നു.

വാല്‍ക്കഷണം: കമ്പനി ഇന്ത്യയൊട്ടാകെ നല്ല നിലയില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്നു. കണ്ണീരില്‍ മുങ്ങിയ കുടുംബനാടകങ്ങളോടും അതിമാനുഷിക ആക്ഷനോടും 'ഖല്ലാസ്സ്' പറഞ്ഞ് നാം റിയലിസത്തിന്‍റെ ലോകത്തിലേക്ക്‌ നീങ്ങിത്തുടങ്ങിയോ? ക്ഷമിക്കണം സര്‍, ഇത്ര ചെറിയ ഡോസ് കൊണ്ട് വന്ന വഴി മറക്കാന്‍ ഇന്ത്യന്‍ പ്രേക്ഷകന്‍ ചന്തു അല്ലല്ലോ!!

പിന്‍കുറിപ്പ്‌: 2002-ല്‍ എഞ്ചിനീയറിംഗ് പരീക്ഷ നീട്ടി വച്ചതിനാല്‍ കിട്ടിയ ഒരു അവധിക്കാലത്ത്‌ സിനിമ കണ്ട് തിരികെവന്ന്‍ നോട്ട്ബുക്കിന്‍റെ താളുകളില്‍ കുറിച്ചത്. അന്ന് സ്വന്തമായി കമ്പ്യൂട്ടറില്ല, 'ബ്ലോഗ്‌' എന്നൊന്നും കേട്ടിട്ടേ ഇല്ല. (പൈറ ലാബ് ഏറ്റെടുക്കണോ എന്ന് ഗൂഗിള്‍ ആലോചിക്കുന്നു!). എഴുതിയത് ആരെയും കാണിക്കാതെ അന്ന് അടുത്തുകണ്ട മാധ്യമത്തില്‍- മനോരമ ഓഫീസില്‍- കൊണ്ടുക്കൊടുത്തു. അവിടത്തെ ചവിട്ടുകൊട്ടയെ അത് അലങ്കരിച്ചുകാണണം. പക്ഷെ തെറ്റ് എന്റേതായിരുന്നു. മനോരമയില്‍ അന്ന് ചലച്ചിത്രനിരൂപണങ്ങള്‍ക്കായി ഒരിടം ഇല്ലായിരുന്നു (ഇന്നും). പിന്നെ കൊണ്ടുക്കൊടുത്തതും റിസപ്ഷനിലോ ന്യൂസ് ഡെസ്കിലോ മറ്റോ ആയിരുന്നിരിക്കണം, കൃത്യമായി ഓര്‍മയില്ല.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് രണ്ടു താളുകളില്‍ ഇത് കണ്ടപ്പോള്‍ കൌതുകം തോന്നി, പൊടി സങ്കടങ്ങളും. ഭാഷയിലും ശൈലിയിലുമൊന്നും 19-കാരന്‍ വളരെയൊന്നും പുരോഗമിച്ചിട്ടില്ലെന്നത് ഒന്ന്. (താരതമ്യേന പുതിയ ക്രൂരകൃത്യങ്ങള്‍ ഇവിടെ കാണാം) മറ്റൊന്ന് ഈ നിരൂപകനില്‍ ഇത്രയും പ്രതീക്ഷ ഉണ്ടാക്കിയ രാം ഗോപാല്‍ വര്‍മ്മയും വിവേക്‌ ഒബ്രോയ്-യും പിന്നെ എന്തൊക്കെ ചെയ്തു എന്നത്. (വര്‍ഷങ്ങള്‍ക്കുശേഷം "നിശബ്ദ്" കണ്ട് നിരാശനായി എഴുതിയത് ഇവിടെ). [മുന്നറിയിപ്പ്: ഈ പറഞ്ഞ രണ്ടു ലിങ്കുകളിലും മുറിയിന്ഗ്ലീഷില്‍ ആണ് അഭ്യാസം. സൂക്ഷിക്കുക!] ഏറ്റവും വലിയ സങ്കടം വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും, ന്യൂസ് ചാനുകള്‍ പലതു വന്നിട്ടും, മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ നിഷ്പക്ഷമായ ചലച്ചിത്രനിരൂപണങ്ങള്‍ക്ക് സ്ഥലമില്ല എന്നതാണ്. എഴുതാതെ വയ്യ എന്നുള്ളപ്പോള്‍ ബ്ലോഗുകള്‍ ഉണ്ടെന്നൊരു വ്യത്യാസം മാത്രം. web 2.0-യ്ക്ക് വീണ്ടും സ്തുതി!
2 comments

Popular posts from this blog

വറ്റിപ്പോയ ജ്ഞാനസിന്ധു

യക്ഷിയും ഞാനും...*

അസ്തമയങ്ങളോട് ഒരു പരാതി