പൊലിയാതെ കത്തുന്ന നെയ്ത്തിരികള്‍*...
സൈലന്‍റ് വാലി പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനു ക്ഷണിച്ചുകൊണ്ട് എന്‍ വി കൃഷ്ണവാര്യര്‍ അയച്ച കത്തിലെ ഒരു വരി സുഗതകുമാരി ടീച്ചര്‍ ഒരിക്കല്‍ ഉദ്ധരിച്ചതോര്‍ക്കുന്നു: "തോല്‍ക്കുന്ന യുദ്ധങ്ങള്‍ക്കും പടയാളികള്‍ വേണം". കുറച്ചു നാള്‍ കഴിഞ്ഞാണ് അരുന്ധതി റോയിയുടെ "The End of Imagination"-ല്‍ ഇങ്ങനെ വായിച്ചത്: "There are plenty of warriors that I know and love, people far more valuable than myself, who go to war each day, knowing in advance that they will fail. True, they are less 'successful' in the most vulgar sense of the word, but by no means less fulfilled". വന്യതയില്‍ അതിക്രമിച്ചു കടക്കുന്ന നഗരത്തെ ചെറുക്കാന്‍ നടന്ന യുദ്ധങ്ങളില്‍ മിക്കതും പരാജയപ്പെട്ടതായി ചരിത്രം രേഖപ്പെടുത്തുന്നു. സൈലന്‍റ് വാലി ഒരു ഒറ്റപ്പെട്ട വിജയഗാഥ ആയിരുന്നിരിക്കണം. മറുതട്ടിലെ പരാജയപ്പെട്ട അനേകം യുദ്ധങ്ങളുടെ കനം ഇന്ന് നാഗരികരുടെ പോലും ഉറക്കം കെടുത്താന്‍ തുടങ്ങിയിരിക്കുന്നു.
ഇപ്പോള്‍ ഇതൊക്കെ ഓര്‍ത്തത് ജെയിംസ് കാമറൂണിന്‍റെ "അവതാര്‍" കണ്ടപ്പോഴാണ്. പലരും പലവുരു പറഞ്ഞു കഴിഞ്ഞത് പോലെ അതൊരു വിസ്മയക്കാഴ്ച തന്നെയാണ്, സംശയമില്ല- ഒന്നാന്തരം കലാകാരനായ കാമറൂണും അനേകശതം സാങ്കേതിക വിദഗ്ദ്ധരും ചേര്‍ന്ന് സൃഷ്ടിച്ച മായാലോകം തിയറ്ററുകളിലേക്ക് പ്രേക്ഷകനെ വരുത്താന്‍ കഴിയുന്ന ഒരനുഭവം (അഥവാ അങ്ങനെ ഒരു പ്രചരണം നടത്താനുള്ള സാധ്യത തരുന്ന ഒന്ന്) തന്നെ. ഇതിനു മുന്‍പ് ഇങ്ങനെ "തിയറ്റര്‍ അനുഭവം" ആയി പ്രചരിപ്പിക്കപ്പെട്ട ഒരു ചിത്രം കാമറൂണിന്‍റെ തന്നെ "റ്റൈറ്റാനിക്ക്" ആണ്. ക്യാന്‍വാസിന്‍റെ വലിപ്പത്തില്‍ "അവതാര്‍" "റ്റൈറ്റാനിക്കി"നെ മറികടക്കും- കപ്പലും കടലുമൊന്നുമല്ല, അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു പുതിയ ഗ്രഹവും അതിലെ സകല ജീവജാലങ്ങളും നമുക്ക് മുന്നില്‍ തെളിഞ്ഞു വരുന്നു (3D-യിലാണെങ്കില്‍ തൊട്ടു മുന്നില്‍ :) ). ആദ്യം പറഞ്ഞ പോലെ സമ്പത്തിനോടുള്ള മനുഷ്യന്‍റെ അത്യാഗ്രഹവും അതിനു ബലിയാകേണ്ടി വരുന്ന ന്യൂനപക്ഷത്തിന്‍റെ ചെറുത്തുനില്‍പ്പുമാണ് ചിത്രത്തിന്‍റെ പ്രമേയം. പലരും "വിയറ്റ്നാം കോളനി"യുമായി താരതമ്യം ചെയ്തതില്‍ തെറ്റില്ല. പക്ഷെ, അത് ഒരു ന്യൂനത ആണെന്ന് ഞാന്‍ പറയില്ല. എന്നും പ്രസക്തവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ് ഈ വിഷയം. അതുകൊണ്ട് പ്രമേയത്തില്‍ പുതുമയില്ല എന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. കുറ്റം ചികയാനാണെങ്കില്‍ ആദ്യം പറയേണ്ടത്, ഹോളിവുഡ് യുദ്ധസിനിമകളിലെ സ്ഥിരം ക്ലീഷേകളുടെ സാന്നിധ്യമാണ്. പക്ഷെ അവയും കല്ലുകടിയില്ലാതെ ഇണക്കിചേര്‍ത്തിട്ടുണ്ട്. (250 മില്ല്യന്‍ ഡോളര്‍ മുടക്കുമ്പോള്‍ പരീക്ഷണങ്ങള്‍ക്ക് സാധ്യത കുറയുന്നു എന്നത് സത്യം, കാമറൂണ്‍ ആണെങ്കില്‍ പോലും)
സിനിമയ്ക്കൊപ്പം തന്നെ ആവേശകരമാണ്, തന്‍റെ സ്വപ്നം സഫലമാക്കാന്‍ കാമറൂണ്‍ നടത്തിയ യാത്ര: പൂര്‍ത്തിയായിക്കഴിഞ്ഞ തിരക്കഥയുമായി സാങ്കേതികവിദ്യ വളരാന്‍ ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, തന്‍റെ മനസ്സിലെ ലോകം സ്ക്രീനില്‍ വരുത്താന്‍ സ്വന്തമായി നിര്‍മിച്ച സങ്കേതങ്ങള്‍... ഇന്ത്യയില്‍ ഒരു സംവിധായകന് ഈ luxury കിട്ടില്ല എന്ന് വാദിക്കാം. പക്ഷെ, ശ്രദ്ധേയമായ കാര്യം ഒരു കലാകാരന്‍ എന്ന നിലയില്‍ അദ്ദേഹം എടുത്ത തീരുമാനമാണ്- തന്‍റെ മനസ്സിലെ സിനിമ സ്ക്രീനില്‍ വരുമ്പോള്‍ പ്രസരണനഷ്ടം വരരുത് എന്ന വാശി. അങ്ങനെയൊരു തീരുമാനത്തില്‍ സാമ്പത്തികം ഒരു പ്രധാനഘടകം അല്ല എന്നുതന്നെയാണ് എന്‍റെ വിശ്വാസം.
മനസ്സില്‍ എന്നും തങ്ങി നില്‍ക്കുന്ന സിനിമകളില്‍ ഒന്നായി "അവതാര്‍" കാണുമോ എന്ന് ഉറപ്പിക്കാന്‍ വയ്യ. 'പണ്ടോര'യുടെ നിറപ്പകിട്ടില്‍ ഈ ചിത്രത്തിന് പിന്നിലെ ചിന്ത മങ്ങിപ്പോവാതിരുന്നെങ്കില്‍ എന്ന് ആശിച്ചുപോവുന്നു. കഥകളില്‍ നന്മ ജയിക്കുന്നതാണ് പതിവ്, അതില്‍ പരാതിയില്ല. പക്ഷെ, യാഥാര്‍ത്ഥ്യം നേരെ തിരിച്ചാവണമെന്ന് നിര്‍ബന്ധമുണ്ടോ? അനേകം "നാ'വി- RDA കോര്‍പ്പറേഷന്‍" യുദ്ധങ്ങള്‍ ദിവസേനയെന്നോണം നടക്കുന്നുണ്ട്- ഒറിസ്സയിലെ നിയാമഗിരിയില്‍, പ്ലാച്ചിമടയില്‍, നര്‍മദാതടങ്ങളില്‍- അങ്ങനെ ലോകത്ത് പലയിടത്തും. ഈ യുദ്ധത്തില്‍ ദുര്‍ബലര്‍ക്ക് വിജയം നേടുക പ്രയാസമാണ്. കാരണം ഇവിടെ ശക്തന്റെ ആയുധം തോക്കുകളോ ബോംബുകളോ അല്ല, വാക്കുകളാണ്, മാധ്യമങ്ങളാണ്. ദുര്‍ബലന്‍ സംഘടിച്ചാല്‍ അവന്‍ തീവ്രവാദിയായി മുദ്രകുത്തി വേട്ടയാടപ്പെടുന്നു. എങ്കിലും അവന് യുദ്ധം തുടരാതെ വയ്യ- കാരണം അവന് നഷ്ടമാകാന്‍ പോവുന്നത് കാല്‍ക്കീഴിലെ മണ്ണാണ്, അതില്‍ പടര്‍ന്നുപോയ വേരുകളാണ്. ഇതുകൊണ്ട് തന്നെയാണ്, ചിത്രത്തിന് തുടക്കത്തില്‍ കണ്ട, ഭീമാകാരമായ മണ്ണുമാന്തിയന്ത്രത്തില്‍ തറഞ്ഞുകയറിയ ചെറിയ അമ്പുകളുടെ വന്യഭംഗി ഉടനെയൊന്നും മനസ്സില്‍ നിന്നു മായില്ല എന്നെനിക്കു തോന്നുന്നത്.
*നെയ്ത്തിരി- അവതാറിലെ നായികയുടെ പേര് :)
Find the expanded version in English here
Comments
ഞാന്‍ എന്റെ ഒപ്പം പടം കണ്ട മൂന്നു പേരോട് ചോദിച്ചു,അവരൊന്നും ഇത് കണ്ടില്ല.എനിയ്ക്കും ആ രംഗം ഏറെ ഇഷ്ടപ്പെട്ടു.