യക്ഷിയും ഞാനും...*
ഒന്‍പതാം ക്ലാസ്സിലെ വര്‍ഷാവസാനപ്പരീക്ഷക്കാലം. ജഗതിക്കടുത്ത് ഒരു ചെറിയ അമ്പലത്തിലെ ഉത്സവം നടക്കുന്നു. ഒരുദിവസം രാത്രി നാടകം- "യക്ഷി". പണ്ട് നാട്ടിലെ ഉത്സവങ്ങളില്‍ നാടകങ്ങള്‍ക്ക് പോവാന്‍ വിരളമായിക്കിട്ടിയ അവസരങ്ങളുടെ ഓര്‍മയും അന്നത്തെ കടുത്ത മലയാറ്റൂര്‍ ആരാധനയും കാരണം ഇരിക്കപ്പൊറുതി കിട്ടാതായി. ഒടുവില്‍ എങ്ങനെയോ പോവാന്‍ സമ്മതം കിട്ടി. എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല, അപൂര്‍വമായി ഇങ്ങനെ ചില കാരുണ്യങ്ങള്‍ അമ്മയില്‍ നിന്ന് കിട്ടിയിട്ടുണ്ട്. ഒന്‍പതാം ക്ലാസ്സ് തുടക്കത്തില്‍ മ്യൂസിയം ഓഡിറ്റോറിയത്തില്‍വച്ച് ഒരിക്കലൊരു ദ്വിദിന ചലച്ചിത്ര ആസ്വാദനശിബിരം ('ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍' ഒക്കെ കണ്ടു കോരിത്തരിച്ചത് അന്നാണ്), പിന്നീട് പ്രീഡിഗ്രിക്കാലത്ത് ചലച്ചിത്ര അക്കാദമി വളപ്പില്‍ ആഴ്ചതോറുമുള്ള വിദേശചിത്രപ്രദര്‍ശനങ്ങള്‍- മകന്‍ വഴിതെറ്റിപ്പോവുമോ എന്ന നിതാന്തഭയം ഭരിച്ച ഒരമ്മയ്ക്കുണ്ടായ ഈ അലിവുകള്‍ രേഖീയമായ എന്‍റെ പഠിപ്പിസ്റ്റ് ജീവിതത്തില്‍ ഇടപെട്ട് തിരഞ്ഞെടുക്കേണ്ട വഴിയെക്കുറിച്ച് ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. അച്ഛനോടൊപ്പം അര്‍ധരാത്രിയോടെ അമ്പലപ്പറമ്പിലെത്തി. അക്ഷരാര്‍ഥത്തില്